റിയാദ്: സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ പരമാധികാരത്തിന്മേൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചു.
അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം മുഴുവൻ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന ‘കൂട്ടായ പ്രതിരോധ’ തത്വം ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആവർത്തിച്ചു. പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന നഗ്നമായ നിയമലംഘനങ്ങളെയും അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെയും അപലപിക്കാൻ റിയാദിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. മേഖലയുടെ സുസ്ഥിരത തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അംഗരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സൈനികവും രാഷ്ട്രീയവുമായ നടപടികൾ സ്വീകരിക്കാൻ ജിസിസി സന്നദ്ധമാണെന്ന് യോഗം അറിയിച്ചു. യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചും മറ്റും ഇറാൻ നടത്തുന്ന പ്രകോപനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജിസിസി ആവശ്യപ്പെട്ടു. തങ്ങളുടെ അതിർത്തികളും പൗരന്മാരെയും സംരക്ഷിക്കാൻ ഗൾഫ് രാജ്യങ്ങൾക്കുള്ള അവകാശത്തിൽ ആർക്കും സംശയം വേണ്ടെന്നും ജിസിസി നേതൃത്വം വ്യക്തമാക്കി.
