കൺമണി പിറക്കും മുൻപേ ശ്യാംലാൽ പോയി; തനിച്ചായി ഗർഭിണിയായ ഭാര്യ

0
7

കോഴിക്കോട്: നല്ലളത്തെ ആ കൊടുംവളവിൽ ഒരു കാർതകർന്നുതരിപ്പണമായപ്പോൾ പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾകൂടിയാണ്. മരിച്ചവരിൽലൊരാളായ ശ്യാംലാലിന്റെ വീട്ടിൽ ഇന്നുയരുന്ന നിലവിളികൾക്ക് പെയ്തുതീരാത്ത സങ്കടത്തിന്റെ ഭാരമുണ്ട്.

കാത്തിരുന്ന കണ്മണി, തനിച്ചായ ജീവിതം

ശ്യാംലാലിന്റെ വിയോഗം ഏറ്റവുംവലിയ ആഘാതമാകുന്നത് അദ്ദേഹത്തിന്റെ ഭാര്യക്കാണ്. വിവാഹംകഴിഞ്ഞ് പുതിയൊരു അതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു ആ കുടുംബം. ഏഴാംമാസത്തിൽ ഗർഭിണിയായ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുകൾകഴിഞ്ഞ് രണ്ടാഴ്ചപോലും തികഞ്ഞിട്ടില്ല.

ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്. ഒരു കുഞ്ഞുജനിക്കുന്നതിന്റെയും വളരുന്നതിന്റെയും സന്തോഷങ്ങൾ പങ്കിടേണ്ടിയിരുന്ന ആ വീട് ഇപ്പോൾ മരണദുഃഖത്തിലാണ്.

ഗർഭിണിയായ ഭാര്യക്ക് ഒൻപതാംമാസം നൽകാനുള്ള വസ്ത്രങ്ങളെടുത്തശേഷം അവളുമൊത്ത്‌ കഴിഞ്ഞദിവസമാണ് ശ്യാംലാൽ മണ്ണൂരിലുള്ള തന്റെ അമ്മമ്മയെക്കാണാൻ പോയത്. വെറുമൊരു സന്ദർശനമായിരുന്നില്ല അത്. അമ്മമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കല്ലുമ്മക്കായയുംവാങ്ങിയാണ് ചെറുമകനെത്തിയത്. അതുനൽകി അമ്മമ്മയെ സന്തോഷിപ്പിച്ച് മടങ്ങുമ്പോൾ, ആ ചിരി തന്റെ ഓർമ്മയിലെ അവസാനത്തെ ചിത്രമാകുമെന്ന് ആരും കരുതിയിരുന്നില്ല. ‘അമ്മമ്മയെക്കണ്ട് സ്നേഹംപറഞ്ഞ് ഇറങ്ങിയതാണ്, ഇന്നീഗതിവരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല’ -മാതൃസഹോദരൻ പ്രസാദ് വിങ്ങലോടെ ഓർക്കുന്നു.

ടാറ്റാ എലക്സിയിലെ സ്പെഷ്യലിസ്റ്റ് സോഫ്റ്റ്‌വേർ എൻജിനിയറായിരുന്ന ശ്യാംലാൽ, യാത്രചെയ്യുന്നതിലും സ്പോർട്‌സിലും സജീവമായിരുന്നു.

കടപ്പാട്: മാതൃഭൂമി ഓൺലൈൻ