ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണം വ്യാപിപ്പിക്കുമ്പോള്‍ ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയാണ്. 84 എംബിഎ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങിയെന്നാണ് വിവരം. പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഇവർ. ടൂറിന് പോയ വിദ്യാർത്ഥികളാണ് മടങ്ങി വരാനാകാതെ ദുബായിൽ കുടുങ്ങിയത്. വിദ്യാർത്ഥികൾ സുരക്ഷിതരെന്നും ഹോട്ടലിലേക്ക് മാറ്റിയെന്നും കോളേജ് അധികൃതർ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവർക്ക് മടങ്ങാനുള്ള ശ്രമം നടത്തുകയാണ്. ദുബായിൽ 200ഓളം കന്നഡികർ കുടുങ്ങിയിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പഠനാവശ്യത്തിന് പോയ വിദ്യാർത്ഥികൾ ഉൾപ്പെട്ട 150 അംഗ സംഘം ദുബായിൽ കുടുങ്ങി. ബെല്ലാരിയിൽ നിന്ന് പോയ 15 അംഗ കുടുംബവും നാട്ടിലേക്ക് മടങ്ങാനാകാതെ ദുബായില്‍ തുടരുകയാണ്. ബെല്ലാരി സിറ്റി എംഎൽഎ നാര ഭാരത് റെഡ്ഡിയും കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ആശങ്ക വേണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുബായിലുള്ളവരെ സുരക്ഷിതമായി തിരികെ എത്തിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കേന്ദ്രസർക്കാർ വൃത്തങ്ങളുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബന്ധപ്പെട്ടു. കർണാടക സർക്കാർ ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്.
