ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പ്രതികാരമായി മിഡിൽ ഈസ്റ്റിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി). ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളാണ് ഈ വിവരം പുറത്തുവിട്ടത്.
വടക്കൻ ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ ഇടിച്ച സ്ഥലത്ത് നിന്ന് വലിയ പുകപടലം ഉയരുന്നത് കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തുന്ന ആറാം ഘട്ട പ്രത്യാക്രമണമാണിത്. അമേരിക്കൻ താവളങ്ങൾക്ക് പുറമെ ഇസ്റാഈലിലെ പ്രധാന സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടിട്ടുണ്ട്.
ഇസ്റാഈലിലെ ടെൽ നോഫ് (Tel Nof) വ്യോമതാവളം, ടെൽ അവീവിലെ ഇസ്റാഈൽ സൈനിക ആസ്ഥാനമായ ഹാകിരിയ (HaKirya), ഒരു വലിയ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയ്ക്ക് നേരെയും അതിശക്തമായ മിസൈൽ ആക്രമണങ്ങൾ നടന്നതായി ഐ ആർ ജി സി അറിയിച്ചു.
നിലവിലെ ആക്രമണങ്ങൾ തുടക്കമാണെന്നും വരും നിമിഷങ്ങളിൽ ഇതിലും കടുപ്പമേറിയതും വ്യത്യസ്തവുമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. “തുടർച്ചയായ പ്രഹരങ്ങളിലൂടെ ശത്രുക്കളെ പശ്ചാത്തപിപ്പിക്കും” എന്നാണ് ഐ ആർ ജി സിയുടെ പ്രസ്താവനയിൽ പറയുന്നത്.
