വമ്പൻ പ്രവചനങ്ങളുമായി പുതിയ സർവേ; കേരളത്തിൽ 100 തൊടാൻ യുഡിഎഫിനാകില്ല; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം

0
7

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ലോക് പോൾ പുറത്തുവിട്ട പ്രീ-ഇലക്ഷൻ സർവേ ഫലങ്ങൾ. ഭരണകക്ഷിയായ എൽഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

സർവേ പ്രകാരം ആകെയുള്ള 140 സീറ്റുകളിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് 51 മുതൽ 59 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. ബിജെപി നയിക്കുന്ന എൻഡിഎ 0-2 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.

  • യുഡിഎഫ്: 43-45 ശതമാനം വോട്ട് വിഹിതം.
  • എൽഡിഎഫ്: 39-41 ശതമാനം വോട്ട് വിഹിതം
  • എൻഡിഎ: 13-15 ശതമാനം വോട്ട് വിഹിതം

തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ച വൻ വിവാദങ്ങളാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നതെന്നാണ് സര്‍വേ പറയുന്നത്. ശബരമല സ്വർണ്ണ കള്ളക്കടത്ത് കേസും അനുബന്ധ ക്രമക്കേടുകളും എൽഡിഎഫിന്‍റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചു. എ പി സമസ്ത മുസ്ലിം ലീഗുമായി അടുത്തതും, സഭകളുമായുള്ള കോൺഗ്രസിന്‍റെ സജീവ സമ്പർക്കവും യുഡിഎഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമാകുമെന്നും സർവേ വിലയിരുത്തി.

റബ്ബർ കർഷകരുടെ പ്രതിഷേധവും വന്യജീവി ആക്രമണങ്ങളും മലയോര മേഖലയിലെ കർഷകരുടെ അതൃപ്തിയും എൽഡിഎഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കും. തെക്കൻ കേരളത്തിലെ പരമ്പരാഗത എൽഡിഎഫ് വോട്ടർമാരായ നെൽകർഷകർ, കശുവണ്ടി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവർക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തി യുഡിഎഫ് വിജയങ്ങൾക്ക് വഴിയൊരുക്കുമെന്നും സ‍ർവേ പറയുന്നു.

മേഖല തിരിച്ചുള്ള പ്രവചനം

വടക്കൻ കേരളം: മുസ്ലിം ലീഗിന്‍റെ കരുത്തിൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തും. എന്നാൽ കണ്ണൂരിലും പാലക്കാട്ടും തങ്ങളുടെ കോട്ടകൾ നിലനിർത്താൻ എൽഡിഎഫിന് സാധിച്ചേക്കും.

മധ്യകേരളം: ക്രൈസ്തവ വോട്ടുകൾ കോൺഗ്രസിനൊപ്പം നിൽക്കുന്നത് തൃശൂർ, എറണാകുളം ജില്ലകളിൽ യുഡിഎഫിന് കരുത്താകും. കേരള കോൺഗ്രസ് (എം) വിഭാഗത്തിലെ ആഭ്യന്തര തർക്കങ്ങളും വോട്ട് ചോർച്ചയ്ക്ക് കാരണമാകും.

തെക്കൻ കേരളം: എൽഡിഎഫ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത് ഈ മേഖലയിലാണ്. എന്നിരുന്നാലും, പത്തനംതിട്ട പോലുള്ള ജില്ലകളിൽ യുഡിഎഫ് തൂത്തുവാരാൻ സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ബിജെപിയുടെ മുന്നേറ്റം തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ മാത്രമായി ഒതുങ്ങാനാണ് സാധ്യത. പരമ്പരാഗത എൽഡിഎഫ് വോട്ടുകൾ ബിജെപി പിടിക്കുന്നത് പലയിടത്തും യുഡിഎഫിന് പരോക്ഷമായി ഗുണകരമാകുമെന്നും സര്‍വേ വിലയിരുത്തുന്നു.