ദില്ലി: എൻസിഇആർടി പുസ്തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചനയുണ്ടെന്നും ഉത്തരവാദികളുടെ തലകൾ ഉരുളുമെന്നും കോടതി ആഞ്ഞടിച്ചു.
വിഷയത്തിൽ അതൃപ്തി അറിയിച്ച പ്രധാനമന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്രവിദ്യാഭ്യാസമന്ത്രിയോട് നിർദ്ദേശിച്ചു. എൻസിഇആർടിഎട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദഭാഗം ഉൾപ്പെട്ടത്. മാധ്യമവാർത്തകളെത്തുടർന്ന് സ്വമേധയാ കേസ്സെടുത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പാണ് നൽകിയത്.
സോളിസിറ്റർ ജനറൽ തുഷാർ മേതയ്ക്കൊപ്പം നേരിട്ട് കോടതിയിൽ ഹാജരായ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐഎഎസ് പുസ്തകം പിൻവലിച്ചെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും കോടതിയെ അറിയിച്ചു.
എന്നാൽ മാപ്പാപേക്ഷകൊണ്ട് പ്രശ്നം തീരില്ലെന്നുംജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണ് നടന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.. നീതി ഉറപ്പാക്കാൻ ജുഡീഷ്യറി നടത്തുന്ന സേവനങ്ങളെക്കുറിച്ച് എവിടെയും പറയുന്നില്ല. വിഷയത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണം. ജുഡീഷ്യറിക്ക് മുറിവേറ്റെന്നും ഉത്തരവാദികളുടെ തല ഊരുണ്ടേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചു.
ഉണ്ടായത് ക്രിമിനൽ കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച കോടതി, വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി, എൻസിആർടി ഡയറക്ടർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. തുടർന്നാണ് പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പടക്കം കോടതി നിരോധിച്ചത്.
അതെസമയം ജൂഡീഷ്യറിക്കെതിരായ പരാമർശങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു.പ്രശ്നം പരിഹരിക്കണമെന്നും വിഷയത്തിൽ ഉത്തരവാദികളെ കണ്ടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. നേരത്തെ കൊളീജിയം സംവിധാനത്തെ ചൊല്ലി കേന്ദ്രം സുപ്രീംകോടതി പോര് കടുത്തിരുന്നു. അന്ന് കേന്ദ്രനിയമന്ത്രിയായിരുന്നു കിരൺ റിജജ്ജുവിനെ മാറ്റിയാണ് തർക്കം തീർത്തത്. നിലവിലെ വിഷയം കൂടുതൽ ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ പരിഹരിക്കാനാണ് കേന്ദ്രനീക്കം.
