അവസാന സന്ദേശം അയച്ചത് അമ്മയ്ക്ക്; 21കാരിയായ യൂട്യൂബര്‍ ജീവനൊടുക്കിയ നിലയില്‍

0
3

ഹൈദരാബാദ്: യൂട്യൂബറും വിദ്യാര്‍ഥിയുമായ 21 കാരിയെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോനു കൊമാലി എന്ന വിദ്യാര്‍ഥിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് ‘ഐ ലവ് യൂ സോ മച്ച്’ എന്ന് ഫോണില്‍ സന്ദേശം അയച്ചതിന് ശേഷമാണ് ജീവനൊടുക്കിയത് എന്നാണ് നിഗമനം.

ഹൈദരാഹാദിലെ സ്വകാര്യ കോളേജില്‍ ബിഎസ് സി വിദ്യാര്‍ഥിയായ കൊമാലി 11 മാസമായി ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ് മരിച്ച കൊമാലി. യൂട്യൂബില്‍ കണ്ടന്റ് ക്രിയേറ്ററുമായിരുന്നു പെണ്‍കുട്ടി.

അമ്മയ്ക്ക് സന്ദേശം അയച്ചതിന് ശേഷം പെണ്‍കുട്ടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ എടുക്കാതായതോടെ അമ്മ സുഹൃത്തിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പൊലീസ് ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

‘മൂന്ന് മണിയോടെ കൊമാലിയുടെ വീട്ടിലെത്തി. വാതിലില്‍ തുടര്‍ച്ചയായി മുട്ടിയെങ്കിലും ആരും വന്ന് വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ സീലിങ്ങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്,’ പൊലീസ് ഉദ്യോഗസ്ഥന്‍ സിഎച്ച് വെങ്കണ്ണ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് ഒരു സാരിയും കോണിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രണയബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കവും മാനസിക സമ്മര്‍ദവുമായിരിക്കാം പെണ്‍കുട്ടിയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം.

കൊമാലിയും 27കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും തമ്മില്‍ മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആറ് മാസം മുമ്പും പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.

കൊമാലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍, മെസേജുകള്‍ എന്നിവയും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.