- ഏജന്റുമാർക്കെതിരെയും കർശന നടപടികൾ ആരംഭിച്ചു
റിയാദ്: കരാർ പ്രകാരമുള്ള താമസസൗകര്യം ഉംറ തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് ഉംറ സർവിസ് കമ്പനികളെ സഊദി ഹജ്ജ്-ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു. നിയമലംഘനം നടത്തിയ വിദേശ ഏജൻറുമാർക്കെതിരെയും കർശനമായ നിയമനടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.
അംഗീകൃത പാക്കേജുകൾ പ്രകാരം താമസസൗകര്യം വാഗ്ദാനം ചെയ്ത് തീർത്ഥാടകരെ രാജ്യത്തെത്തിച്ച ശേഷം, പറഞ്ഞ സൗകര്യങ്ങൾ നൽകാതെ കമ്പനികൾ വഞ്ചിച്ചതായി മന്ത്രാലയം കണ്ടെത്തി. മദീന മസ്ജിദുന്നബവി സന്ദർശകർക്കും ഉംറ തീർത്ഥാടകർക്കും നൽകേണ്ട സേവനങ്ങളെ സംബന്ധിച്ച ഔദ്യോഗിക ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കരാർ ലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രാലയം നേരിട്ട് ഇടപെടുകയും ദുരിതത്തിലായ തീർത്ഥാടകർക്ക് അടിയന്തരമായി താമസസൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ട കമ്പനികളെ നിർബന്ധിതരാക്കുകയും ചെയ്തു. തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു ‘റെഡ് ലൈൻ’ ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സഊദി വിഷൻ 2030-െൻറ ഭാഗമായി തീർത്ഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുള്ള ഭരണകൂടത്തിെൻറ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ഇനിയും കടുത്ത നടപടികൾ തുടരും. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ഉംറ ഏജൻസികളും സേവന ദാതാക്കളും കരാർ വ്യവസ്ഥകൾ അക്ഷരംപ്രതി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
