വീണയ്ക്ക് വിദഗ്ധ പരിശോധന; കോടിയേരിയിൽ കോൺഗ്രസ് ഓഫിസിനു തീയിട്ടു

0
10

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.

ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.