ചണ്ഡിഗഡ്: പാക്ക് അതിർത്തിക്കു സമീപം 2 പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ ഗുരുദാസ്പുരിൽ പൊലീസ് വെടിവച്ചുകൊന്നു. മറ്റൊരാളെ അറസ്റ്റ് ചെയ്തു. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് 3 പേർ ചേർന്ന് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന മൂന്നാമനായി തിരച്ചിൽ തുടരുന്നു.
പാക്ക് അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ അകലെ ആധിയാൻ ഗ്രാമത്തിലെ ചെക്പോസ്റ്റിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗുർനാം സിങ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവരെയാണ് ഞായറാഴ്ച വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരികടത്തിന്റെയും ഡ്രോൺ വഴിയുള്ള ആയുധക്കടത്തിന്റെയും കേന്ദ്രമാണ് ഈ പ്രദേശം.
ആധിയാൻ സ്വദേശികളായ രഞ്ജിത് സിങ് (19), ഇന്ദർജിത് സിങ് (21), അലിനങ്കൽ സ്വദേശി ദിലാവർ സിങ് (19) എന്നിവരാണു പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് രഞ്ജിത് സിങ്ങിനെയും ദിലാവർ സിങ്ങിനെയും അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ രഞ്ജിത് സിങ്ങിനെയും കൊണ്ട് പോകുംവഴി മൂടൽമഞ്ഞിൽ പെട്ട് പൊലീസ് വാഹനം മറിയുകയും ആ തക്കം നോക്കി പ്രതി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പുലർച്ചെ മൂന്നിന് ഇയാൾ മോട്ടർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതുകണ്ടു പൊലീസ് പിന്തുടർന്നു. ഇതോടെ രഞ്ജിത് സിങ് പൊലീസിനു നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചു വെടിവച്ചു. പരുക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരനും പരിക്കുണ്ട്.
