33 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്; ഒരു ലക്ഷം യാത്രക്കാർക്ക് ടോൾ തുക തിരികെ നൽകും

0
58

മുംബൈ: മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഈ മാസം ആദ്യമുണ്ടായ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ട യാത്രക്കാർക്ക് ടോൾ തുക തിരികെ നൽകാൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ തീരുമാനിച്ചു. ഏകദേശം 1.2 ലക്ഷം യാത്രക്കാർക്കായി 5.16 കോടി രൂപയാണ് റീഫണ്ട് നൽകുന്നത്.

ഫെബ്രുവരി മൂന്നിന് ഖോപ്പോളിക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞതിനെത്തുടർന്ന് 33 മണിക്കൂറോളമാണ് എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ബ്ലോക്കിൽ ഭക്ഷണവും വെള്ളവുമില്ലാതെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

കുരുക്ക് രൂക്ഷമായതോടെ ടോൾ പിരിവ് നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നെങ്കിലും, പലരിൽ നിന്നും ഫാസ്‌ടാഗ് വഴി തുക ഈടാക്കിയിരുന്നു. ഇത്തരത്തിൽ അന്യായമായി തുക നഷ്ടപ്പെട്ടവർക്കാണ് ഇപ്പോൾ ആശ്വാസ നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ തന്നെ തുക ഗുണഭോക്താക്കളുടെ ഫാസ്‌ടാഗ് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്ന് എംഎസ്ആർഡിസി അറിയിച്ചു. ടോൾ ഓപ്പറേറ്ററായ ഐആർബി ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് ഇടപാട് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

അടിയന്തര സാഹചര്യങ്ങളിൽ പോലും ടോൾ പിരിവ് തുടർന്നതിനെതിരെ യാത്രക്കാരിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുക തിരികെ നൽകാനുള്ള നിർണ്ണായക തീരുമാനം.