ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വയസ്സുകാരി മരിച്ചു

0
66

മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണു മരിച്ചത്.

കാർത്തല മർകസ് ഇംഗ്ലിഷ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ലസ്നയുടെ മാതാവ് ഷഹല, സഹോദരി മിൻസ എന്നിവരെയും മറ്റു മൂന്നു കുടുംബാംഗങ്ങളെയും ഛർദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചിരുന്നു.

ഇവർ ഇപ്പോൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടിൽ തയാറാക്കിയ ഭക്ഷണം തന്നെയാണ് ഫ്രിജിൽ സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനുശേഷം സംസ്കരിച്ചു.