വയറ്റിൽ കണ്ടെത്തിയ കത്രികയ്ക്ക് 12.5 സെന്റിമീറ്റർ നീളം, ശസ്ത്രക്രിയ നീണ്ടത് മൂന്നുമണിക്കൂർ

0
58

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവർഷംമുൻപ് ശസ്ത്രക്രിയയ്ക്കു വിധേയയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽനിന്നു പുറത്തെടുത്ത കത്രികയ്ക്ക് 12.5 സെന്റിമീറ്റർ നീളം. കൊച്ചി അമൃത ആശുപത്രിയിൽ മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. 

തൊണ്ടിമുതലായ കത്രിക അമ്പലപ്പുഴ ഡിവൈ.എസ്.പി. ഏറ്റുവാങ്ങി. തിങ്കളാഴ്ച ഇത് അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചികിത്സാപ്പിഴവിന്റെ പേരിൽ അമ്പലപ്പുഴ പോലീസ് വെള്ളിയാഴ്ച കേസെടുത്തിരുന്നു. സംഭവം നടന്ന 2021-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഗൈനക്കോളജിവിഭാഗം അധ്യക്ഷയായിരുന്ന ഡോ. കെ. ലളിതാംബിക മാത്രമാണ് നിലവിൽ കേസിലെ പ്രതി.

ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട കേസായതിനാൽ മെഡിക്കൽ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായംകൂടി പരിഗണിച്ചേ പോലീസ് നടപടികളുമായി മുന്നോട്ടുപോകൂ. അതിനായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകും. ചികിത്സാപ്പിഴവുണ്ടായതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായെന്നാണ് പോലീസ് നൽകുന്ന സൂചന.

2021 മേയ് പത്തിനാണ് ഉഷ ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കു വിധേയയായത്. 3.2 കിലോ തൂക്കമുള്ള മുഴ നീക്കിയിരുന്നു. കഴിഞ്ഞ 17-ന് എക്സ്‌-റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രികയുള്ളതായി കണ്ടത്. സംഭവത്തിൽ പ്രതിഷേധം ശക്തമായപ്പോൾ അന്നു ശസ്ത്രക്രിയയിൽ പങ്കെടുത്ത അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്‌സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡുചെയ്തു.

അമൃത ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഉഷയെ തിങ്കളാഴ്ച വാർഡിലേക്കു മാറ്റും. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.