ഭാര്യ ജയിലിലായ മനോവിഷമം; പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

0
65

കൊല്ലം അഞ്ചലില്‍ ഭാര്യ ജയിലിലായ മനോവിഷമത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി റഫീഖ് ആണ് മരിച്ചത്. ഭാര്യ സബീന മോഷണക്കേസില്‍ റിമാന്‍ഡിലാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചലില്‍ സ്വകാര്യ ബസില്‍ വച്ച് കുഞ്ഞിന്റെ കൊലുസ് മോഷ്ടിച്ച സംഭവത്തില്‍ സബീന അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്. സബീനയുടെ കൈയില്‍ നിന്ന് സ്വര്‍ണക്കൊലുസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന റഫീഖ് ഭാര്യയുടെ അറസ്റ്റോടെ വലിയ മനോവിഷമത്തിലായി. തുടര്‍ന്ന് ഇന്ന് കൂടെയുണ്ടായിരുന്ന മകനെ ഭാര്യയുടെ വീട്ടില്‍ കൊണ്ടുവിട്ടതിന് ശേഷം സ്വന്തം വീട്ടില്‍ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു. നാട്ടുകാരാണ് തീയണച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ റഫീഖിനെ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ഇത്തരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.