രാവിലെ എഴുന്നേറ്റാൽ ജിമ്മിൽ പോകുന്നതിനേക്കാള്‍ കൂടുതൽ ചായക്കടയിലേക്ക് പോകുന്നവരാണ് നമ്മളിലധികവും. അതിന്റെ ഫലം ഇതാ കൈയോടെ കിട്ടിയുണ്ട് . ഇപ്പോൾ ദേശീയതലത്തിലെ പ്രധാന ചര്‍ച്ചവിഷയങ്ങളിലൊന്ന് മലയാളിയുടെ വയറിനെ കുറിച്ചാണ് .
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടവയറുള്ളവർ നമ്മുടെ കൊച്ചു കേരളത്തിലാണെന്ന് പഠനങ്ങൾ പറയുന്നു. ആറടി പൊക്കമുള്ള മലയാളിക്ക് ഇപ്പോൾ രണ്ടടി വയറാണെന്ന അവസ്ഥ! കേൾക്കുമ്പോൾ ചിരി വരുമെങ്കിലും സംഗതി അല്പം ഗൗരവമാണ്.
മലയാളിക്ക് ഇനി ‘വയറൊന്ന് ഒതുക്കി’ പിടിക്കേണ്ടി വരും. കാരണം, രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്നാണ് പുതിയ കണ്ടെത്തൽ. 12 വർഷം നീണ്ട പഠനത്തിനൊടുവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇന്ത്യ ഡയബറ്റിസും നടത്തിയ പഠന റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പാര്‍ലമെന്‍റില്‍ വെയ്ക്കുമ്പോള്‍ കണക്കുകൾ അല്പം ഗുരുതരമാണ്.
കേരളത്തിലെ 58.2% പേർക്കും കുടവയറുണ്ട്! അതായത്, പത്തു മലയാളികളെ എടുത്താൽ അതിൽ ആറു പേരും ഗമയിൽ വയറും തള്ളി നടക്കുന്നു എന്ന് ചുരുക്കം. പഞ്ചാബ് രണ്ടാം സ്ഥാനത്തും ) ഹരിയാന മൂന്നാം സ്ഥാനത്തുമാണ്. അമിതവണ്ണത്തിന്റെ കാര്യത്തിലാണെങ്കിൽ നമ്മൾ രണ്ടാമതുണ്ട് പുതുച്ചേരി മാത്രമാണ് നമുക്ക് മുന്നിലുള്ളത്.