റമദാന്‍ എന്നാല്‍ ആഘോഷമാണ് ഫലസ്തീനികള്‍ക്ക്. ആകാശത്ത് റമദാര്‍ പിറ കാണുമ്പോള്‍ അവരുടെ തെരുവുകളില്‍ ആഹ്ലാദത്തിന്റെ വെളിച്ചം മിന്നിത്തുടങ്ങും. തോരണങ്ങളും വര്‍ണവിളക്കുകളും അവരുടെ വീടുകളേയും തെരുവകളേയും പ്രകാശിതമാക്കും.
നോമ്പും തറാവീഹും അവരുടെ കൊച്ചു കുഞ്ഞുങ്ങള്‍ വരെ ആഘോഷമാക്കും. മരണം പെയ്യുന്ന ഭീകര നാളുകളില്‍ പോലും കീറലുകള്‍ വീണ തങ്ങളുടെ ടെന്റുകളില്‍ വിളക്കുകള്‍ തെളിച്ചിട്ടുണ്ടായിരുന്നു അവര്‍.
എന്നാല്‍ ഇത്തവണ ജറുസലേമില്‍ റമദാനിലെ അവരുടെ സന്തോഷത്തിന് വിലക്ക് കല്‍പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. റമദാന്‍ മാസത്തോടനുബന്ധിച്ചുള്ള അലങ്കാരങ്ങള്‍ ജറുസലെമില്‍ ഇസ്‌റാഈല്‍ നിരോധിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ജറുസലേമിലെ എല്ലാ ഫലസ്തീനികളെയും പോലെ, റമദാന്‍ വിളക്കുകള്‍, അലങ്കാരങ്ങള്‍, ആഹ്ലാദം എന്നിവയാല്‍ നിറഞ്ഞ നഗരത്തിന്റെ ഇടവഴികള്‍ കാണാന്‍ താനും കാത്തിരിക്കുകയായിരുന്നു- പ്രദേശത്തുകാരനായ അഹമ്മദ് പറയുന്നു. റമദാനില്‍ നാട് മറ്റൊന്നാകുമായിരുന്നു സാധാരണ. എന്നാല്‍ ഇത്തവണ പഴയ നഗരത്തിന്റെ ചുവരുകള്‍ ശൂന്യമാണ്. ആഘോഷങ്ങളില്ലാതെ തെരുവുകള്‍ ശ്രദ്ധേയമാംവിധം നിശബ്ദമാണ്. അലങ്കാരങ്ങള്‍ക്ക് മാത്രമല്ല വിലക്ക്. റമദാനിലെ പരമ്പരാഗത രീതികള്‍ക്കെല്ലാം സയണിസ്റ്റ് ഭരണകൂടം നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഫലസ്തീനികള്‍ അല്‍-അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോലും പാടുപെടുന്നു. അതേസമയം ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്കാകട്ടെ മുമ്പ് അനുവദിച്ചതിലും കൂടുതല്‍ സമയം സ്ഥലത്ത് അതിക്രമിച്ചു കയറി സ്വന്തം പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയും- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌റാഈല്‍ സൈന്യം പ്രദേശവാസികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുകയാണ് – അദ്ദേഹം പറഞ്ഞു. തുറന്ന് സന്തോഷിക്കാന്‍ കഴിയുന്ന ഒരു നോമ്പ് കാലത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ ഇപ്പോഴും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജറുസലെമിലെ പഴയ നഗരത്തിലും (Old City) സമീപപ്രദേശങ്ങളിലും റമദാനെ വരവേറ്റ് വര്‍ണ വിളക്കുകള്‍ സ്ഥാപിക്കുക എന്നത് ഫലസ്തീനികള്‍ പതിവായി നടത്തുന്ന ഒരു പ്രധാന ചടങ്ങായിരുന്നു. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വലിയ രീതിയിലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഇസ്‌റാഈല്‍ സുരക്ഷാ സേന ന്യായീകരിക്കുന്നത്.
എന്നാല്‍ അല്‍-അഖ്‌സ പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് അലങ്കാരങ്ങള്‍ക്കും വിലക്ക് വീണത്.ആഘോഷങ്ങള്‍ കുറയുന്നത് പഴയ നഗരത്തിലെ ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്.
