കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു (രേഷ്‌മ–25) വിന് പിന്നാലെ ആൺ സുഹൃത്ത് സന്ദേശ് (29) ജീവനൊടുക്കിയത് കടുത്ത മാനസികസമ്മർദവും കുറ്റബോധവും കാരണമെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂഡ്‌ലു മന്നിപ്പാടിയിലെ സന്ദേശിനെ ഞായർ പകൽ രണ്ടരയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. സന്ദേശിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
ചിന്നു പാപ്പുവിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയായിരുന്നു സുഹൃത്തിന്റെയും ആത്മഹത്യ. രണ്ട് പേരുടെ ആത്മഹത്യകളിലും പുറത്തുനിന്നും ഏതെങ്കിലും തരത്തിൽ ഇടപെടലുകൾ ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചിന്നുവിനെ ആസാദ് നഗറിലെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ സന്ദേശിനെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു.
സൈബർ ആക്രമണത്തെത്തുടർന്ന് സന്ദേശ് മനോവിഷമത്തിലായിരുന്നു എന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തായ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
പോളിഷ് ജോലിചെയ്യുന്നയാളാണ് സന്ദേശ്. മന്നിപ്പാടിയിലെ നാരായണ നായിക്കിന്റെയും -സരോജയുടെയും മകനാണ്. സഹോദരി: ഗൗതമി.
ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചിന്നു പാപ്പു ജീവനൊടുക്കിയത് എന്തിനെന്ന് ഇനിയും വ്യക്തമല്ല.
