യുവാക്കൾക്കായി യു.ഡി.എഫ്. പ്രത്യേകപാക്കേജ് അവതരിപ്പിക്കും, ‘യൂത്ത് സ്കാൻ’ വഴി പ്രവർത്തകരിൽനിന്ന് ശേഖരിച്ച അഭിപ്രായങ്ങളും ഉൾപ്പെടുത്തി പ്രകടനപത്രിക 

0
24

കോഴിക്കോട്: യുവജനങ്ങളുടെ വിഭവശേഷി ഉപയോഗപ്പെടുത്താൻ യു.ഡി.എഫ്. പ്രത്യേകപാക്കേജ് അവതരിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭാവികേരളത്തെക്കുറിച്ചുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവിലെ ലീഡേഴ്‌സ് ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസത്തിനനുസരിച്ച് തൊഴിലവസരങ്ങൾ ലഭിക്കാത്തതാണ് യുവാക്കൾ വിദേശത്തുപോകാനുള്ള കാരണം. അവരുടെ വിഭവശേഷിയെ നാടിന് പ്രയോജനപ്പെടുത്തുക എന്നത് യു.ഡി.എഫിന്റെ പ്രത്യേക അജൻഡയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. അധികാരത്തിൽവന്നാൽ ആഗോള നിക്ഷേപകസംഗമമായ ‘എമർജിങ് കേരള’യുടെ തുടർച്ചയുണ്ടാകുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആറ്‌ സെഷനുകളിലായി നടൻ രമേശ് പിഷാരടി, എൻ. പ്രശാന്ത്, അഭിഭാഷകൻ ഹരീഷ് വാസുദേവ്, ഡോ. റാഷിദ് ഗസ്സാലി തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് കോൺക്ലേവ് സമാപനസെഷനിൽ യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യൂത്ത് മാനിഫെസ്റ്റോ പ്രഖ്യാപനം നടത്തി. കോൺക്ലേവിൽനിന്നുള്ള ആശയങ്ങളും ‘യൂത്ത് സ്കാൻ’ വഴി പ്രവർത്തകരിൽനിന്ന് ശേഖരിച്ച അഭിപ്രായങ്ങളും ഉൾപ്പെടുത്തി പ്രകടനപത്രിക തയ്യാറാക്കി യു.ഡി.എഫ്. നേതൃത്വത്തിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, അഷ്റഫ് എടനീർ, കെ.എ. മാഹീൻ, സെക്രട്ടറിമാരായ കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ, ഫാത്തിമ തഹ്‌ലിയ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി, സെക്രട്ടറി നജ്മ തബ്ഷീറ തുടങ്ങിയവർ സംസാരിച്ചു.