ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ്

0
122

കലിഫോർണിയ: കാണാതായ ഇന്ത്യൻ വിദ്യാർഥിയെ ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്. ഫെബ്രുവരി 9 മുതലാണ് കാണാതായത്.

മൃതദേഹം കണ്ടെടുത്ത വിവരം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ക്യാംപസിന് ഒരു കിലോമീറ്റർ അകലെയാണ് അവസാനമായി സാകേതിനെ കണ്ടത്. അൻസ, ബെർക്ക്‌ലി ഹിൽസ് എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് ടിൽഡൻ റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിനടുത്തുനിന്ന് കണ്ടെത്തി.