ജുബൈൽ: ജുബൈലിൽ പുതിയൊരു കായിക വേദി കൂടി ആരംഭിച്ചു. ഗാലക്സി ക്രിക്കറ്റ് ക്ലബ്‌ന്റെ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് ഗാലക്സി ഗാർഡൻ ജുബൈൽ താബ സെന്ററിന്റെ പിന്‍ഭാഗത്ത് സജ്ജമായി. ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ നിർവഹിച്ചു.
ഇന്ന് രാവിലെ 7 മണിക്ക് ടീം മെമ്പർ പ്രവീൺ ബൗൾ ചെയ്ത ആദ്യ ബോളിൽ ബൈജു അഞ്ചൽ ബാറ്റിംഗ് ചെയ്തു പുതിയ ഗ്രൗണ്ടിൽ ആദ്യ മത്സരം ആരംഭിച്ചു. ഗാലക്സിയുടെ രണ്ടാമത്തെ ഗ്രൗണ്ട് എന്ന സ്വപ്നം യാഥാർഥ്യം ആകുന്നതിന് വേണ്ടി ഇജാസ് തൊണ്ടിക്കോടെ, ബിനു, പ്രവീൺ, സിയാദ്, സ്യാം, പവൻ, ബിജു എന്നിവർ ഗാലക്സി യുടെ മറ്റു മെമ്പർമാരുടെ കൂടെ ചേർന്ന് നിന്ന് നേതൃത്വം വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ബൈജു അഞ്ചൽ പ്രവാസജീവിതത്തിൽ കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജോലി തിരക്കുകൾക്കിടയിൽ ആരോഗ്യവും മാനസിക സന്തുലിതാവസ്ഥയും നിലനിർത്താൻ സ്പോർട്സ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കായിക പ്രവർത്തനങ്ങൾ ശരീരാരോഗ്യം മെച്ചപ്പെടുത്തുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും സൗഹൃദവും ഐക്യവും വളർത്തുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ മലയാളി സമാജവും ഗാലക്സി ക്രിക്കറ്റ് ക്ലബ്‌മായി ചേർന്ന് ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിന്റെ ഭാഗമായി സംഘാടകർ മധുര വിതരണം നടത്തി.
