കൊടുവള്ളി: കളിചിരികൾക്കിടെ അപ്രതീക്ഷിതമായെത്തിയ മരണം ഒരു നാടിന്റെയാകെ പ്രതീക്ഷകളെ കരിച്ചുകളഞ്ഞു. വീടിന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കളിക്കുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ച തൻഹയ്ക്ക് (12) കണ്ണീരോടെ നാട് വിട നൽകി.
അപകടം നടന്നത് ഇങ്ങനെ:
കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകളാണ് മടവൂർ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻഹ. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. പിതൃസഹോദരന്റെ പുതുതായി പണിയുന്ന വീടിന്റെ മുകളിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു തൻഹ.
പണി തീരാത്ത ഗോവണിയിലൂടെ മുകളിൽ കയറി നടക്കുന്നതിനിടെ അറിയാതെ കൈ ഉയർത്തിയപ്പോൾ സമീപത്തുകൂടി കടന്നുപോയ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു.കുട്ടി ലൈനിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് മറ്റ് കുട്ടികൾ നിലവിളിച്ചതോടെ ഓടിയെത്തിയ അയൽവാസി, ഉടൻ തന്നെ അടുത്തുള്ള ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൈനിന്റെ പിവിസി ഇൻസുലേഷൻ ചിലയിടങ്ങളിൽ ഇല്ലാതിരുന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
…
