റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഫെബ്രുവരി 19ന് വ്രതാരംഭത്തിന് സാധ്യത

0
206

അബുദാബി: വ്രതമാസമായ റമസാനിൽ യുഎഇയിലെ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തിസമയം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു.

പുതുക്കിയ സമയക്രമം അനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവൃത്തിസമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12  വരെയായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ജോലി സ്വഭാവത്തിൽ മാറ്റം ആവശ്യമുള്ള ജീവനക്കാർക്ക് ഇതിൽ ഇളവുണ്ടാകും.

റമസാൻ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഫ്ലെക്സിബിൾ വർക്ക് രീതി പിന്തുടരാവുന്നതാണ്. കൂടാതെ, നിബന്ധനകൾക്ക് വിധേയമായി വെള്ളിയാഴ്ചകളിൽ ആകെ ജീവനക്കാരുടെ 70 ശതമാനം പേർക്ക് വരെ വർക്ക് ഫ്രം ഹോം അനുവദിക്കാനും അതോറിറ്റി നിർദ്ദേശം നൽകി.

∙ വ്രതാരംഭം ഫെബ്രുവരി 19ന്?
അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്ററിന്റെ കണക്കുകൂട്ടൽ പ്രകാരം യുഎഇയിൽ ഇൌ മാസം 19ന് റമസാൻ വ്രതാരംഭത്തിന് സാധ്യതയുണ്ട്.   17ന് അറബ് ലോകത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്ന് ഐഎസി ഡയറക്ടർ എൻജി. മുഹമ്മദ് ഷൗക്കത്ത് ഔദ വ്യക്തമാക്കി.

അറബിക് കലണ്ടർ പ്രകാരം ഒരു മാസം 29 അല്ലെങ്കിൽ 30 ദിവസങ്ങളുണ്ടാകും. നിലവിലെ സൂചനകൾ പ്രകാരം ശഅബാൻ മാസം 30 ദിവസം പൂർത്തിയാക്കി   19 ന് റമസാൻ ഒന്നാകാനാണ് സാധ്യത. എങ്കിലും ശഅബാൻ 29-ന് (ഫെബ്രുവരി 17) ചേരുന്ന ചന്ദ്രദർശന സമിതിയുടെ   ഔദ്യോഗിക തീരുമാനത്തിന് ശേഷമേ വ്രതാരംഭം ഉറപ്പിക്കുകയുള്ളൂ.

∙ പ്രവൃത്തിസമയത്തിലെ മാറ്റം
നിലവിൽ യുഎഇയിൽ തിങ്കൾ മുതൽ വ്യാഴം വരെ എട്ടു മണിക്കൂറും വെള്ളിയാഴ്ച നാലര മണിക്കൂറുമാണ് സർക്കാർ പ്രവൃത്തിസമയം. ശനി, ഞായർ ദിവസങ്ങളാണ് വാരാന്ത്യ അവധി. ഷാർജയിൽ മാത്രം വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത്. റമസാൻ പ്രമാണിച്ച് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.