ന്യൂഡൽഹി: ഇന്ത്യ-യുഎസ് കരാറിനെതിരേ ലോക്സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.
അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം, രാഹുൽ പറഞ്ഞു.
‘നിങ്ങൾ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വിൽക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്, ഭാരത് മാതാവിനെ. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?’, രാഹുൽ ഗാന്ധി സഭയിൽ ചോദിച്ചു. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്. എപ്സ്റ്റീൻ കേസിൽ മൂന്ന് മില്യൺ ഫയലുകൾ ലോക്ക് ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
