‘മരിക്കാൻ പേടിയാണ്, കാരണക്കാർ രണ്ടാം ഭാര്യയും അമ്മയും’; വിഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി യുവാവ്

0
10

തിരുവനന്തപുരം: വിളവൂര്‍ക്കലില്‍ ഹോട്ടലുടമ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം തൂങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ് ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ട ശേഷം രാത്രി കാര്‍പോര്‍ച്ചിലെ സീലിങ് ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഷ്ടപ്പെട്ട പണം മുഴുവന്‍ നഷ്ടമായെന്നും ഇനി വയ്യെന്നും പ്രദീപ് വിഡിയോയില്‍ കരഞ്ഞുകൊണ്ടു പറയുന്നുണ്ട്.

‘‘മരിക്കണമെന്ന് ഒരാഗ്രഹവുമില്ല, പേടിയാണ് മരിക്കാന്‍. പക്ഷെ മറ്റു നിവൃത്തിയില്ല’’ – പ്രദീപ് പറയുന്നു. എട്ട് വര്‍ഷമായി തച്ചോട്ട് കാവ് ജംക്‌ഷനു സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു പ്രദീപ്. മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിര്‍വശം പെയിന്റിങ് വര്‍ക്ക് ഷോപ്പ് നടത്തുന്ന ആളുമാണെന്നാണ് പ്രദീപ് പറയുന്നത്. ആദ്യവിവാഹബന്ധം പിരിഞ്ഞതിനു ശേഷം കുറച്ചുനാള്‍ മുന്‍പാണ് രണ്ടാമതു വിവാഹം കഴിച്ചത്. രണ്ടാംഭാര്യയുടെ അമ്മയാണ് കുടുംബത്തിൽ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രദീപ് പറയുന്നു.

ആദ്യവിവാഹത്തിലെ മകള്‍ക്കും രണ്ടാം ഭാര്യയ്ക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞ് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. ഈസമയം ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നും തന്റെ അച്ഛനോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതായും വിഡിയോയിലുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടില്‍ താമസിച്ചിരുന്നത്.

പ്രദീപിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിഡിയോയില്‍ പറയുന്നു. ഫോണ്‍ തുറക്കേണ്ടതെങ്ങനെയാണെന്നും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. മലയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.