അനിയന് പിന്നാലെ ചേച്ചിയും മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹത്തിനായി സഹോദരിയെ കൂട്ടിക്കൊണ്ടുവരുമ്പോൾ

0
12

പാലാ: ബൈക്കിൽ കാറിടിച്ച് സഹോദരൻ മരിച്ചതിനു പിന്നാലെ സഹോദരിയും മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീലക്ഷ്മിയാണ് (27) ഞായർ രാത്രി 9.30ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊച്ചിയിൽ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

ബൈക്ക് ഓടിച്ചിരുന്ന, ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥ് (22) ശനിയാഴ്ച രാത്രി മരിച്ചിരുന്നു. നാഗമറ്റത്തിൽ പരേതനായ എൻ.സി.സന്തോഷിന്റെയും ശ്രീജയുടെയും മക്കളാണ് ഇവർ.

ഏഴിനു രാത്രി 8.10ന് കടപ്പാട്ടൂർ ബൈപാസിലായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹത്തിനായി അവധിക്കെത്തിയ ശ്രീലക്ഷ്മിയെ പാലായിലെത്തി ശ്രീനാഥ് ബൈക്കിൽ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് കടപ്പാട്ടൂർ ബൈപാസിൽ അപകടമുണ്ടായത്. ശ്രീലക്ഷ്മിയുടെ വിവാഹം മേയിൽ നടത്താനായി നിശ്ചയിച്ചിരിക്കുകയായിരുന്നു.

വൈക്കം സ്വദേശികൾ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കിക്കൊണ്ടുപോകുകയായിരുന്നു. അബോധാവസ്ഥയിൽ റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും സംസ്കാരം 9ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

….