റിയാദ് എയർപോർട്ടിൽ ഡിപ്പാർച്ചർ ടെർമിനലുകളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾ

0
5

റിയാദ്: റിയാദ് എയർപോർട്ടിൽ ഡിപ്പാർച്ചർ ടെർമിനലുകളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾ നടപ്പാക്കുന്നു. ഫെബ്രുവരി 16 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മാറ്റങ്ങൾ നിലവിൽവരും. യാത്രക്കാർ അവരുടെ ഫ്ളൈറ്റ് സമയത്തിന് നാല് മണിക്കൂർ മുമ്പ് അവരുടെ നിയുക്ത ടെർമിനലിൽ ചെക്ക് ഇൻ ചെയ്യണമെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നിർദേശിച്ചു. സൗദി അറേബ്യൻ എയർലൈൻസ്, ഫ്ളൈ അദീൽ, ഫ്ളൈ നാസ്, വിദേശ വിമാനക്കമ്പനികൾ എന്നിവ നടത്തുന്ന സർവീസുകൾ ടെർമിനൽ മാറ്റത്തിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി 16 ന് അർധ രാത്രിക്ക് ശേഷം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഫ്ളൈ അദീൽ ഇന്റർനാഷണൽ സർവീസുകൾ ടെർമിനൽ 1 ലേക്ക് മാറ്റുമെന്നും ഫെബ്രുവരി 17 ന് പുലർച്ചെ 3:00 ന് ശേഷം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സൗദി അറേബ്യൻ എയർലൈൻസ് ഇന്റർനാഷണൽ സർവീസുകൾ ടെർമിനൽ 2 ലേക്ക് മാറ്റുമെന്നും വിമാനത്താവളം വ്യക്തമാക്കി.

ഫെബ്രുവരി 24 ന് അർധ രാത്രിക്ക് ശേഷം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സൗദി അറേബ്യൻ എയർലൈൻസ് ഡൊമസ്റ്റിക് സർവീസുകൾ ടെർമിനൽ 4 ലേക്ക് മാറ്റും. അതേ ദിവസം തന്നെ, രാത്രി 11:00 ന് ശേഷം ഷെഡ്യൂൾ ചെയ്ത‌ിരിക്കുന്ന ഫ്ളൈ അദീൽ, ഫ്ളൈ നാസ് ആഭ്യന്തര സർവീസുകളും ടെർമിനൽ 4 ലേക്ക് മാറ്റും.

ഫെബ്രുവരി 25 ന് പുലർച്ചെ 5:00 മണിക്ക് ശേഷം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വിദേശ വിമാന കമ്പനികളുടെ ഇന്റർനാഷണൽ സർവീസുകൾ ടെർമിനൽ 5 ലേക്ക് മാറ്റുമെന്നും അതേ ദിവസം തന്നെ, രാവിലെ 7:00 ന് ശേഷം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സൗദി അറേബ്യൻ എയർലൈൻസ്, ഫ്ളൈ അദീൽ, ഫ്ളൈ നാസ് ആഭ്യന്തര സർവീസുകൾ ടെർമിനൽ 3 ലേക്ക് മാറ്റുമെന്നും റിയാദ് എയർപോർട്ട് അറിയിച്ചു.

ഒഴുക്ക് മെച്ചപ്പെടുത്താനും സേവന കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഡിപ്പാർച്ചർ ടെർമിനലുകളിൽ മാറ്റങ്ങൾ വരുത്തുന്നത്. കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ ഔദ്യോഗിക എയർലൈൻ ചാനലുകളിലൂടെയും വിമാനത്താവള സ്ക്രീനുകളിലൂടെയും അവരുടെ ഡിപ്പാർച്ചർ ടെർമിനലുകൾ പരിശോധിക്കണം