കത്തിയാക്രമണം; നാല് ഇന്ത്യക്കാരടക്കം ഒട്ടേറെ മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്ക്

0
34

മോസ്‌കോ: റഷ്യയിൽ കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്കും പരിക്ക്. ഉഫയിലെ മെഡിക്കൽ സർവകലാശാലയിലാണ് സംഭവം. സർവകലാശാലയിലെ ഒട്ടേറെ വിദ്യാർഥികൾക്കും രണ്ട് പോലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം.

സർവകലാശാലയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിൽവെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കത്തിയുമായി സർവകലാശാലയിലേക്ക് പ്രവേശിച്ച കൗമാരക്കാരൻ കണ്മുന്നിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയെന്നാണ് റിപ്പോർട്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെയാണ് പോലീസുകാർക്കും കുത്തേറ്റത്. കൂടാതെ, പ്രതി സ്വയം മുറിവേൽപ്പിച്ചതായും റഷ്യൻ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

അതേസമയം, രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നും ചില റഷ്യൻ ടെലിഗ്രാം ചാനലുകളിൽ അഭ്യൂഹങ്ങളുണ്ട്. ഇവരിൽ ഒരാളായ 15-കാരനാണ് ആശുപത്രിയിലുള്ളതെന്നും ഇയാളുടെ നില ഗുരുതരമാണെന്നും പ്രാദേശിക ടെലിഗ്രാം ചാനലുകളിലെ വിവരങ്ങളിൽ പറയുന്നു.

ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഒട്ടേറെപേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റെന്ന് റഷ്യയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. ഉഫയിൽ ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു. പരിക്കേറ്റ വിദ്യാർഥികൾക്ക് സഹായം നൽകാനായി കസാനിലെ കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലേക്ക് പോവുകയാണെന്നും മോസ്‌കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.