ലക്‌നൗ: ഉത്തർപ്രദേശിൽ ഹോംവർക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്‌ളാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം. കുട്ടിയുടെ കാലിൽ 100 തവണയോളം ചൂരൽ കൊണ്ട് അടിച്ചു. കാലിൽ ആകെ പാടും നീരുമായ കുട്ടി മുടന്തിയാണ് വീട്ടിലേക്കെത്തിയത്.
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. കർണെെൽഞ്ച് മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖാർ സിങ് ആണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കാലിലാകെ ചൂരൽ കൊണ്ട് അടിച്ചത് മൂലം ചുവന്ന പാടുകളാണ്. പലയിടത്തും നീര് വന്നിട്ടുമുണ്ട്. കുട്ടി മുടന്തിവന്നത് കണ്ട വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് കാലിലാകെ അടികൊണ്ട പാടുകൾ കണ്ടത്.
ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. പുറത്തുപറയാതെയിരുന്നാൽ ബിസ്കറ്റ് തരാമെന്നായിരുന്നു അധ്യാപകൻ പറഞ്ഞതെന്ന് കുട്ടി പറഞ്ഞു. മർദ്ദനത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ സ്‌കൂൾ പ്രിൻസിപ്പൽ മുൻപാകെയും പിതാവ് പരാതി നൽകിയിട്ടുണ്ട്. പിന്നാലെ അധ്യാപകനെ പുറത്താക്കിയതായി സ്‌കൂൾ മാനേജ്‌മന്റ് അറിയിച്ചു.
