ചൂഷണം തടയാൻ നടപടി വേണം; ഊബർ അടക്കമുള്ള ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപക പണിമുടക്കിൽ

0
7

ഓല, ഉബർ, റാപ്പിഡോ ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. കുറഞ്ഞത് ആറ് മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബൈക് ടാക്സികൾ അടക്കമുള്ള സർവീസുകളാണ് പണി മുടക്കുക.

ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന നിരവധി തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (TGPWU) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അന്യായമായ വിലനിർണയ രീതികൾക്കും മേഖലയിലെ ദുർബലമായ നിയന്ത്രണങ്ങൾക്കുമെതിരെയാണ് തൊഴിലാളികൾ പണിമുടക്കിനിറങ്ങിയിരിക്കുന്നത്. നിലവിൽ, അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ സ്വതന്ത്രമായി നിരക്കുകൾ തീരുമാനിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എയർ ഇന്ത്യയുടെ 70 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാറുകളെന്ന് കേന്ദ്രം
മിനിമം നിരക്കുകളോ നിയന്ത്രണങ്ങളോ ഇല്ല, അനന്തമായ ചൂഷണമാണ് നടക്കുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. സർക്കാർ ഇതിൽ നടപടിയെടുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

ദശലക്ഷക്കണക്കിന് ആപ്പ് അധിഷ്ഠിത ഡ്രൈവർമാർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയും അഗ്രഗേറ്റർമാർ ലാഭം നേടുകയും ചെയ്യുകയാണ്. കമ്പനികൾ സ്വന്തമായി നിരക്കുകൾ നിശ്ചയിക്കുന്നത് തുടരുന്നതിനാൽ ഇത് ഉപജീവനത്തിനായി ആപ്പ് അധിഷ്ഠിത ജോലിയെ ആശ്രയിക്കുന്ന ഡ്രൈവർമാർക്ക് അസ്ഥിരത സൃഷ്ടിക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.

പണിമുടക്കിനോടനുബന്ധിച്ച് രണ്ട് പ്രധാന ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടു വച്ചിരിക്കുന്നത്. ഓട്ടോകൾ, ക്യാബുകൾ, ബൈക്ക് ടാക്സികൾ, മറ്റ് അഗ്രഗേറ്റർ അധിഷ്ഠിത സേവനങ്ങൾ എന്നിവയുൾപ്പെടെ ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങൾക്കുള്ള മിനിമം അടിസ്ഥാന നിരക്കുകളുടെ അടിയന്തര വിജ്ഞാപനമാണ് ഒന്നാമത്തേത്. അംഗീകൃത ഡ്രൈവർ, തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിച്ച് ഈ നിരക്കുകൾ അന്തിമമാക്കണമെന്നും 2025 ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

രണ്ടാമത്തേത്, യാത്രക്കാരുടെയോ ചരക്കുകളുടെയോ വാണിജ്യ ഗതാഗതത്തിനായി സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുക എന്നതാണ്.

ഗിഗ് തൊഴിലാളികളിൽ പലരുടേയും വരുമാനം മാസം 15000 രൂപയിൽ താഴെയാണെന്ന സാമ്പത്തിക സർവേ റിപ്പോർട്ടും തൊഴിലാളികളുടെ ദുരവസ്ഥ തുറന്നു കാട്ടുന്നതാണ്. അതേസമയം, ടാക്സി തൊഴിലാളികൾ പണിമുടക്കുന്നതോടെ പ്രധാന നഗരങ്ങളിലെ ഗതാഗതവും താറുമാറാകും.