കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പോലിസ് നടപടി: സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന; വ്യാപക അറസ്റ്റ്

0
18

കൊച്ചി: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി എറണാകുളം റൂറൽ പരിധിയിൽ പൊലിസ് പരിശോധന കർശനമാക്കി. ഒരേസമയം സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയും, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ‘ഓപ്പറേഷൻ പി-ഹണ്ട്’ റെയ്ഡും നടത്തിയാണ് റൂറൽ പൊലിസ് നടപടി സ്വീകരിച്ചത്.

റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദേശപ്രകാരം റൂറൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മുതൽ പൊലിസ് സംഘം മിന്നൽ പരിശോധന നടത്തി. സ്കൂൾ വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി പ്രത്യേക ടീമുകളെയാണ് നിയോഗിച്ചിരുന്നത്.

പരിശോധിച്ച ആകെ വാഹനങ്ങൾ: 478

ഡിവിഷൻ തിരിച്ചുള്ള കണക്കുകൾ:
ആലുവ – 138
മുനമ്പം – 93
മൂവാറ്റുപുഴ – 90
പുത്തൻകുരിശ് – 81
പെരുമ്പാവൂർ – 76
നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

‘ഓപ്പറേഷൻ പി-ഹണ്ട്’: 19-കാരൻ അറസ്റ്റിൽ, 29 ഉപകരണങ്ങൾ പിടിച്ചെടുത്തു

കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴിയും അശ്ലീല സൈറ്റുകൾ വഴിയും പ്രചരിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ‘ഓപ്പറേഷൻ പി-ഹണ്ട്’ നടന്നത്. ജില്ലയിലെ 5 സബ് ഡിവിഷനുകളിലായി 46 കേന്ദ്രങ്ങളിൽ പൊലിസ് റെയ്ഡ് നടത്തി.കുഴുപ്പിള്ളി സ്വദേശിയായ 19-കാരനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.പരിശോധനയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 29 ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തു.

വിദേശ പോൺ സൈറ്റുകളിൽ നിന്നും മറ്റും കുട്ടികളുടെ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ഐടി നിയമപ്രകാരം ശിക്ഷാർഹമാണ്.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓൺലൈൻ വഴിയോ നേരിട്ടോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലിസിനെ അറിയിക്കണമെന്ന് റൂറൽ ജില്ലാ പൊലിസ് അറിയിച്ചു.