ഇസ്‌ലാമാബാദ്: നഗരത്തിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 169 പേർക്ക് പരുക്കേറ്റു. ഷെഹ്‌സാദ് ടൗൺ ഏരിയയിലുള്ള തർലായ് ഇമാംബാർഗയിലാണ് സ്ഫോടനമുണ്ടായത്.
ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഗാർഡുകൾ അക്രമിയെ തടഞ്ഞതിനാൽ, വിശ്വാസികൾ ഉണ്ടായിരുന്ന പ്രധാന ഹാളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കവാടം തകർന്നു. അടുത്തുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഫോടന സ്ഥലത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
2025 നവംബർ 11ന് ഇസ്‌ലാമാബാദിലെ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിക്ക് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതിൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, പരുക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ചു.
