പ്രാവുകൾക്ക് ഭക്ഷണം നൽകി: ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷം രൂപ പിഴ

0
9

സിംഗപ്പൂർ സിറ്റി: പ്രാവുകൾക്ക് ഭക്ഷണം നൽകിയതിന് ഇന്ത്യൻ വംശജയായ വനിതയ്ക്ക് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,26,750 രൂപ) പിഴ ചുമത്തി. 6 മാസത്തിനിടയിൽ 9 തവണ ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിംഗപ്പൂർ വന്യജീവി നിയമപ്രകാരം വയോധികയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്.

നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൗസിങ് എസ്റ്റേറ്റുകളിലെ പ്രാവുകൾക്കാണ് സൻമുഖനാഥൻ ഷംല പതിവായി ഭക്ഷണം നൽകിയിരുന്നത്. എല്ലാ ആരോപണങ്ങളിലും വയോധിക കുറ്റം സമ്മതിച്ചു.

ഇവർക്ക് പക്ഷികൾക്ക് ഭക്ഷണം നൽകിയതിന് പിഴ ചുമത്തുന്നത് ഇതാദ്യമായല്ല. നേരത്തെ കഴിഞ്ഞ മേയ് മാസത്തിൽ കാട്ടുപക്ഷികൾക്ക് തീറ്റ നൽകിയതിന് 1,200 സിംഗപ്പൂർ ഡോളർ പിഴ ചുമത്തിയിരുന്നു.അന്ന്, പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് ആവർത്തിക്കില്ലെന്ന് സൻമുഖനാഥൻ ഷംല വ്യക്തമാക്കിയിരുന്നു. 

പ്രതി കുറ്റകൃത്യം ആവർത്തിക്കുന്നതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസിൽ ആകെ നാല് വിഡിയോകളാണ് കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂട്ടർ കോടതിയിൽ പ്ലേ ചെയ്ത വിഡിയോകളിൽ ഷംലയെ പ്രാവുകളുടെ കൂട്ടം വലയം ചെയ്യുന്നതാണ് കാണുന്നത്. സിംഗപ്പൂരിൽ, അനിമൽസ് ആൻഡ് ബേർഡ്സ് ആക്ട് പ്രകാരം, പ്രാവുകളെ വളർത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ അഭയം നൽകുന്നതിനോ ലൈസൻസ് ആവശ്യമാണ്.