ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

0
10

കൊച്ചി: ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജി തള്ളിയ ഹൈക്കോടതി വേതന വര്‍ധന സര്‍ക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് അറിയിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണ് വേതന വർധനയിലൂടെ ഉറപ്പാക്കുന്നത് എന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.

ജനുവരി 15നാണ് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കൂലി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.

ജയിൽ തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണെന്നും സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏഴ് വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം ഉയര്‍ത്തുന്നത്. 2016ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തിലൊരിക്കല്‍ വേതനം ഉയര്‍ത്തണം. ഇതിനുമുന്‍പ് 2018ലാണ് വേതനം പരിഷ്‌കരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിനെക്കാള്‍ ഉയര്‍ന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.