ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

0
164

കയ്റോ: അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി വിവരം. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു.

സിൻടൻ നഗരത്തിലുള്ള സെയ്ഫിന്റെ വീട്ടിലെത്തിയ നാലംഗസംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിഭാഷകൻ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

1972-ൽ ജനിച്ച സെയ്ഫ്, 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. പിതാവ് സ്ഥാനഭ്രഷ്ടനായ ശേഷം, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിച്ച് സെയ്ഫിനെ ജയിലിലടച്ചു. പിന്നീട് 2015-ൽ, ലിബിയൻ കോടതി അദ്ദേഹത്തിന് വധശിക്ഷയും വിധിച്ചു. 2011-ൽ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച്, അന്താരാഷ്ട്ര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.