സഊദിയില്‍ ഫത്വ നല്‍കാന്‍ വിവിധ മേഖലകളില്‍ പണ്ഡിതന്മാരെ നിയോഗിച്ചു

0
28

റിയാദ്: സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മതപരമായ വിധിത്തീര്‍പ്പുകള്‍ (ഫത്വ) നല്‍കുന്നതിനായി കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സിലെ അംഗങ്ങളെ സഊദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് സ്വാലിഹ് അല്‍ ഫൗസാന്‍ നിയോഗിച്ചു.

ഫത്വകള്‍ നല്‍കുന്നത് കൗണ്‍സില്‍ അംഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസികള്‍ക്ക് അംഗീകൃത സ്രോതസ്സുകളില്‍ നിന്ന് മതപരമായ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സമൂഹത്തിന് പണ്ഡിതന്മാരുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സൗകര്യം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ഉത്തരവ് പ്രകാരം മദീനയില്‍ ഷെയ്ഖ് മുഹമ്മദ് മസീദും അസീര്‍, ജിസാന്‍ മേഖലകളില്‍ ഷെയ്ഖ് ജിബ്രീല്‍ അല്‍ ബുസൈലിയും തബൂക്ക്, അല്‍-ജൗഫ് മേഖലകളില്‍ ഷെയ്ഖ് യൂസഫ് ബിന്‍ മുഹമ്മദും ഫത്വകള്‍ക്ക് നേതൃത്വം നല്‍കും. അല്‍-ബാഹ, നജ്റാന്‍ എന്നിവിടങ്ങളില്‍ ഷെയ്ഖ് ഗാലിബ് ഹംസിയും ഖസീം, ഹാഇല്‍ മേഖലകളില്‍ ഷെയ്ഖ് സാമി അല്‍ മുഖൈറും മക്കയില്‍ ഷെയ്ഖ് ബന്ദര്‍ ബലീലയും കിഴക്കന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി മേഖലകളിലും ഷെയ്ഖ് അബ്ദുല്‍ ഇലാഹ് അല്‍ മുല്ലയും ചുമതലയേല്‍ക്കും.

പണ്ഡിതന്മാരെ സഹായിക്കുന്നതിനായി ഇസ്‌ലാമിക നിയമങ്ങളില്‍ (ഫിഖ്ഹ്) വൈദഗ്ധ്യമുള്ള എണ്‍പതോളം ഗവേഷകരെയും ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മിതവാദ നിലപാടുകളും സന്തുലിതമായ മതബോധവും ഉറപ്പുവരുത്തുന്നതില്‍ ഈ നീക്കം നിര്‍ണായകമാകുമെന്ന് കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഫഹദ് അല്‍ മജീദ് വ്യക്തമാക്കി.