‘ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക്‌ പോകും’; ഐക്യം സാധ്യമാകുമെന്നും വെള്ളാപ്പള്ളി

0
23

ആലപ്പുഴ: എൻഎസ്എസ് – എസ്എൻഡിപി യോഗം ഐക്യം വൈകാതെ സാധ്യമാകും എന്നതാണ് തന്റെ പ്രതീക്ഷയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഘടനയുടെ വാരികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി തന്റെ പ്രതീക്ഷകൾ പങ്കുവെച്ചത്.

ജാതി പറഞ്ഞ് കലഹിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും അത്തരമൊരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ തുടങ്ങുവെച്ചത് എന്നും വെള്ളാപ്പള്ളി പറയുന്നു.

തനിക്കെതിരെ പ്രവർത്തിച്ചത് സ്വസമുദായത്തിലെ കുലംകുത്തികൾ ആണെന്ന ഗുരുതര ആരോപണവും വെള്ളാപ്പള്ളി ലേഖനത്തിലൂടെ ഉയർത്തുന്നുണ്ട്. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ താൻ പലർക്കും അനഭിമതനായി. തന്നെപ്പോലെ കേരളസമൂഹത്തിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോ എന്നത് സംശയമാണ്. ന്യൂനപക്ഷങ്ങളുടെ സംഘടിത ശേഷിക്ക് മുൻപിൽ ഭൂരിപക്ഷം ഞെരുക്കം അനുഭവിക്കുകയാണ്. ഇത് വിളിച്ചുപറഞ്ഞതിന് തന്നെ വർഗീയവാദിയാക്കാനും ഭൃഷ്ടനാക്കാനും ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന്റെ പേരിലുള്ള ആക്ഷേപങ്ങൾ ഇവയുടെ ഭാഗമാണ് എന്നും വെള്ളാപ്പള്ളി എഴുതുന്നു. ഏറെക്കാലമായി ഭൂരിപക്ഷ വിഭാഗം ഇവിടെ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനത്തിൽ ഭരണത്തലങ്ങളിൽ അവഗണിക്കപ്പെട്ടു. അതിനാൽ എല്ലാവരും ഒരുമിച്ചുനിൽകണമെന്നും ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് വെള്ളാപ്പള്ളി കുറിക്കുന്നത്.