ഇഷ്ടഭൂമിയിൽ സി.ജെ.റോയിക്ക് അന്ത്യവിശ്രമം; നിറകണ്ണുകളോടെ ബന്ധുക്കൾ

0
60

ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ.റോയിയുടെ സംസ്കാരം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള കാസ്കേഡ് റിസോര്‍ട്ടിൽ നടന്നു. റോയിയുടെ ആഗ്രഹപ്രകാരമാണ് സംസ്കാരം കാസ്കേഡ് റിസോർട്ടിൽ നടത്തിയത്. തന്റെ ഇഷ്ടഭൂമിയാണ് കാസ്കേഡ് റിസോർട്ടെന്ന് പല അഭിമുഖങ്ങളിലും റോയ് പറഞ്ഞിട്ടുണ്ട്. 

കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷമാണു മൃതദേഹം റിസോർട്ടിൽ‌ എത്തിച്ചത്. റോയിയുടെ അമ്മയും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവർ നിറക്കണ്ണുകളോടെയാണ് റോയിക്ക് അന്ത്യയാത്ര നൽകിയത്.

റോയ് സ്വയം വെടിയുതിർത്ത് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസിനു മുന്നിൽ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര അൽപനേരം നിർത്തിയിരുന്നു. കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി.കെ.പ്രകാശ്, അവതാരകൻ മിഥുൻ രമേശ് ഉൾപ്പെടെ  രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.