പ്രവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നത് ലളിതമാകും; 2025 ലെ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും

0
113

2025 ലെ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലളിതമാക്കിയ നിയമങ്ങൾ, പുതിയ ഫോമുകളും കുറഞ്ഞ ടി.സി.എസ് നിരക്കുകളും അടക്കം നിരവധി നികുതി ആശ്വാസങ്ങള്‍ നികുതിദായകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ചില മാറ്റങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 

ഐടിആര്‍–1, ഐടിആര്‍–2 ഫോമുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. ഓഡിറ്റില്ലാത്ത ബിസിനസുകളും ട്രസ്റ്റുകള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിധി ഓഗസ്റ്റ് 31 വരെയാക്കി. പരിഷ്കരിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ല്‍ നിന്നും മാര്‍ച്ച് 31 ആക്കി. 

* പ്രവാസികളുടെ വസ്തുഇടപാടിന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നതിനുള്ള നടപടിക്രമം ലഭിതമാക്കും. ഇനി മുതല്‍ സ്ഥലം വാങ്ങുന്നയാള്‍ക്ക് സ്വന്തം പാന്‍ ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാം. ഇതോടെ വസ്തു ഇടപാടുകളില്‍ ടിഎഎന്‍ ഒഴിവാക്കുകയും ഇടപാടുകള്‍ കൂടുതല്‍ എളുപ്പമുള്ളതാകുകയും ചെയ്യും. 

* 20 ലക്ഷം രൂപയിൽ താഴെയുള്ള വിദേശ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന വ്യക്തികളെ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഈ ഇളവ് 2024 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും. 

* മോട്ടോർ അപകട ക്ലെയിംസ് ട്രൈബ്യൂണൽ നൽകുന്ന ക്ലെയിമുകള്‍ക്ക് ആദായ നികുതി ഒഴിവാക്കി. 

* വിദേശ യാത്ര പാക്കേജുകള്‍ക്ക് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി ചുരുക്കി. നേരത്തെയിത് അഞ്ചു ശതമാനമായിരുന്നു. 

* വിദ്യാഭ്യാസ ചികിത്സ ആവശ്യങ്ങള്‍ക്ക് വിദേശത്തേയ്ക്കുള്ള പണമയക്കുന്നതിന് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി കുറച്ചു.