നിക്ഷേപക‍രുടെ ‘രണ്ടാം വീട് ‘: റിയൽ എസ്റ്റേറ്റ് വിപണിയിൽ കുതിപ്പ്; പക്ഷേ, പ്രവാസികൾക്ക് തിരിച്ചടി……

0
98

ഷാർജ: സ്ഥിരതയുള്ള വിപണിയും മികച്ച ലാഭവിഹിതവും വാഗ്ദാനം ചെയ്യുന്ന ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപകരുടെ വൻ ഒഴുക്ക്. മുവൈല, അൽ സഹിയ, അൽജാദ, മസാർ തുടങ്ങിയ ഇടങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബായിലേക്കുള്ള മികച്ച കണക്റ്റിവിറ്റിയും താങ്ങാനാവുന്ന വിലയും ഷാർജയെ പ്രവാസികളുടെയും നിക്ഷേപകരുടെയും പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റി. ഇതേ തുട‍ർന്ന് പ്രവാസി മലായളികൾ ഏറെ ആശ്രയിക്കുന്ന ഷാർജയിൽ ഈ വർഷം വാടകയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, പാർക്കിങ്, വാഹന സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് 5 മുതൽ 25 ശതമാനം വരെയാണ് പുതുവർഷത്തിൽ വാടക വർധിച്ചത്.

ജിസിസി പൗരന്മാർ ഷാർജയെ തങ്ങളുടെ രണ്ടാമത്തെ വീടായി (Second Home) തിരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചതായാണ് വിപണിയിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2025ൽ 6560 കോടി ദിർഹത്തിന്റെ വ്യാപാരമാണ് എമിറേറ്റിൽ നടന്നത്. 2024നെ (4000 കോടി ദിർഹം) അപേക്ഷിച്ച് 64.3% വർധന. ശക്തമായ നിയമ സംവിധാനം, പുതിയ ഫ്രീഹോൾഡ് പദ്ധതികളുടെ വർധന, ആകർഷക വാടക നിരക്കുകൾ എന്നിവയാണ് റെക്കോർഡ് വളർച്ചയ്ക്ക് ഷാർജയ്ക്ക് തുണയായത്. കൂടാതെ സ്മാർട്ട് സേവനങ്ങളിലൂടെ ഇടപാടുകൾ എളുപ്പമാക്കിയതും നിക്ഷേപകരുടെ താൽപര്യം വർധിപ്പിച്ചു.