പ്രവാസിയെ കബളിപ്പിച്ച് ഓൺലൈനായി തട്ടിയത് 8 കോടി: ഒരാൾ അറസ്റ്റിൽ

0
60

ആലപ്പുഴ: ഓഹരി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്തു പ്രവാസിയെ കബളിപ്പിച്ച് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കേസിലെ ആദ്യ അറസ്റ്റാണിത്. തമിഴ്നാട്ടിലെ സേലത്തിനു സമീപത്തു നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. തട്ടിയെടുത്ത പണം ഇയാൾ പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. ഇയാളെ ഇന്നു നാട്ടിലെത്തിച്ചേക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കൗണ്ടുകളിലേക്ക് 2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 12 വരെ 73 ഇടപാടുകളിലായാണു പ്രവാസി പണം കൈമാറിയത്. നാഷനൽ സൈബർ ക്രൈം പോർട്ടലിൽ കേസ് റജിസ്റ്റർ ചെയ്തതോടെ പല അക്കൗണ്ടുകളിലായി രണ്ടരക്കോടിയോളം രൂപ മരവിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആദ്യത്തെ അറസ്റ്റ്. ഇയാളുമായി ബന്ധമുള്ള മറ്റു ചിലരെക്കുറിച്ചും സൂചന കിട്ടിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചേർന്നാണു തട്ടിപ്പു നടത്തിയതെന്നാണു പ്രാഥമിക നിഗമനം. ഇവർ ബന്ധപ്പെട്ട ഫോൺ നമ്പറുകളും പണം സ്വീകരിച്ച അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണു ഹരിപ്പാട് സ്വദേശിയായ എഴുപത്തിമൂന്നുകാരനെ കബളിപ്പിച്ചത്. സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത വലിയ സൈബർ തട്ടിപ്പുകളിലൊന്നാണിത്.