ജനറൽ മാനേജർ അടക്കമുള്ള പദവികൾ ഇനി സ്വദേശികൾക്ക് മാത്രം; സൗദിയിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി

0
83

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികൾക്ക് കനത്ത തിരിച്ചടി നൽകി നിർണായക തസ്തികകളിൽ പ്രവാസികൾക്ക് വിലക്കേർപ്പെടുത്തി. ജനറൽ മാനേജർ, പർച്ചേസിങ് മാനേജർ തുടങ്ങിയ തസ്തികകൾ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മാനവവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഖിവാ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രവാസികൾക്കായി നൽകിയിരുന്ന ജനറൽ മാനേജർ പ്രഫഷൻ നീക്കം ചെയ്തു. ഈ പ്രഫഷനുകളിലുള്ള വിദേശ ജീവനക്കാർക്ക് ഇനി മറ്റൊരു ജോലിയിലേക്ക് മാറാനോ മറ്റ് തസ്തികകളിൽ ഉള്ളവർക്ക് മാനേജർ പദവികളിലേക്ക് പ്രഫഷൻ മാറ്റം നടത്താനോ സാധിക്കില്ല. ഖിവാ പ്ലാറ്റ്‌ഫോമിൽ ഇത്തരം മാറ്റങ്ങൾക്ക് ശ്രമിക്കുമ്പോൾ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, നിലവിൽ ജനറൽ മാനേജർ പ്രഫഷനിലുള്ള വിദേശികൾക്ക് ചില നിബന്ധനകളോടെ സിഇഒ അല്ലെങ്കിൽ ബോർഡ് ചെയർമാൻ പദവികളിലേക്ക് മാറാൻ അനുവാദമുണ്ട്. ഇതിനായി ജീവനക്കാരൻ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിൽ ഇതേ തസ്തികയിൽ തന്നെ രജിസ്റ്റർ ചെയ്തിരിക്കണമെന്നും സ്ഥാപനത്തിൽ ഇതേ പ്രൊഫഷനുള്ള മറ്റ് വിദേശ ജീവനക്കാർ ഉണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സെയിൽസ്, മാർക്കറ്റിങ് മേഖലകളിലും സ്വദേശിവൽക്കരണ നിരക്ക് 60 ശതമാനമായി ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് മാനേജർ, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്‌പെഷ്യലിസ്റ്റ്, ഫൊട്ടോഗ്രഫർ തുടങ്ങി പത്തോളം മേഖലകളിൽ ഈ നിയമം ബാധകമാകും.

മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന സ്വദേശികളുടെ കുറഞ്ഞ വേതനം 5,500 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ റെപ്രസന്റേറ്റീവ് തുടങ്ങിയ തസ്തികകളിലും 60 ശതമാനം സ്വദേശിവൽക്കരണം ഉറപ്പാക്കണം. 2026 ജനുവരി 19-ന് പ്രഖ്യാപിച്ച ഈ നിർണായക തീരുമാനങ്ങൾ മൂന്ന് മാസത്തെ തയാറെടുപ്പ് സമയത്തിന് ശേഷം ഏപ്രിൽ പകുതിയോടെ കർശനമായി നടപ്പിലാക്കി തുടങ്ങും. ഇതോടെ സ്വകാര്യ സ്ഥാപനങ്ങൾ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാൻ നിർബന്ധിതരാകും.