ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; വഴിത്തിരിവായത് നഖത്തിലെ ഡിഎൻഎ

0
126

പത്തനംതിട്ട: ബലാത്സംഗം ചെയ്തശേഷം യുവതിയെ കെട്ടിത്തൂക്കിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടാങ്ങൽ പുളിമൂട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീർ (44) കുറ്റക്കാരനെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി. ജയകൃഷ്ണൻ കണ്ടെത്തി. ശിക്ഷ ശനിയാഴ്ച വിധിക്കും.

കോട്ടാങ്ങൽ സ്വദേശിനിയായ 26-കാരിയാണ് 2019 ഡിസംബർ 15-ന് കൊല്ലപ്പെട്ടത്. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. സുഹൃത്തായ യുവാവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
യുവതിയും സുഹൃത്തായ യുവാവും മുമ്പ് വേറെ വിവാഹം ചെയ്തവരാണ്. എന്നാൽ, ആറുമാസമായി ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നു.

മൃതദേഹത്തിൽ 53 മുറിവ് കണ്ടെത്തിയതിനെത്തുടർന്ന് സുഹൃത്തിനെ പ്രതിയാക്കിയായിരുന്നു പെരുമ്പെട്ടി പോലീസിന്റെ അന്വേഷണം. പോലീസ് മർദ്ദനത്തെത്തുടർന്ന് സുഹൃത്തിന് ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നു. പരാതിയെത്തുടർന്ന് 2020 ഫെബ്രുവരിയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവിലാണ് യഥാർഥ പ്രതിയെ പിടിച്ചത്.

പ്രതി തടിക്കച്ചവടക്കാരനാണ്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിന്റെ ശാസ്ത്രീയതെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടർച്ചയായി ചോദ്യംചെയ്തത്.

ഇതിൽ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുഹൃത്തായ യുവാവും പിതാവും വീട്ടിൽനിന്ന് രാവിലെ പുറത്തുപോയശേഷം തടിനോക്കാൻ അവിടെയെത്തിയ നസീർ, യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചത്. തുടർന്ന്, മുണ്ട് കഴുത്തിൽ കുരുക്കി മേൽക്കൂരയിലെ ഇരുമ്പുഹുക്കിൽ കെട്ടിത്തൂക്കിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് ഹാജരായി.

….