ഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്‌ത് വോട്ട് പിടിച്ചെന്നായിരുന്നു കെ.എം. ഷാജിക്കെതിരായ ആരോപണം. ആരോപണം ശരിവച്ചതോടെ ഷാജിയെ ഹൈക്കോടതി ആറ് വർഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. അന്നത്തെ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന എം.വി. നികേഷ് കുമാറാണ് കെ.എം. ഷാജിക്കെതിരെ പരാതി നൽകിയത്.
ഹൈക്കോടതി വിധിക്കെതിരെ ഷാജി സുപ്രീം കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് എംഎൽഎയെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിച്ചെങ്കിലും, സഭയിൽ വോട്ട് ചെയ്യുന്നതിൽ നിന്നും ശമ്പളമോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കുന്നതിൽ നിന്നും വിലക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഹർജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ.എം. ഷാജിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
….
