റിയാദ്: റിയാദ് കെഎംസിസി കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് നാല് കുടുംബങ്ങൾക്ക് നാല്പത് ലക്ഷം രൂപ വിതരണം ചെയ്തു. പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട നാല് പ്രവാസികളുടെ കുടുംബങ്ങൾക്കാണ് പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് തുക കൈമാറിയത്.
കെഎംസിസി നടത്തുന്ന സേവന പ്രവർത്തനങ്ങൾ അറ്റമില്ലാത്ത കാരുണ്യക്കടലാണെന്ന് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. പ്രവാസ ലോകത്ത് തളർന്നു പോകുന്നവരെയും അവരുടെ കുടുംബങ്ങളെയും ചേർത്ത് നിര്‍ത്തുന്നതിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കാണിക്കുന്ന താല്പര്യം അനുകരണീയവും മാതൃകാപരവുമാണ്. കഴിഞ്ഞ ആറുവർഷത്തിനിടയിൽ കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് തന്നെ കോടിക്കണക്കിന് രൂപയുടെ സഹായം നൽകുവാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ രോഗങ്ങൾക്കുള്ള ചികിത്സ ചിലവിലേക്ക് ലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി കൈമാറിയിട്ടുണ്ട്. തണുത്ത് വിറച്ച ഉത്തരേന്ത്യയിലെ മനുഷ്യർക്ക് റിയാദിൽ നിന്ന് മാത്രം മൂവായിരം പുതപ്പുകൾ വിതരണം ചെയ്തത് ഏറെശ്ലാഘനീയമാണ്. ഇതിന് വേണ്ടി ഒൻപത് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ഒരോ കെഎംസിസി ഘടകങ്ങളും ഇത് പോലെ പാവങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. മുസ്‌ലിം ലീഗിന്റെ വലിയ ജനസ്വാധീനത്തിന് പിറകിൽ കെഎംസിസി നിർവ്വഹിക്കുന്ന പങ്ക് സ്മരണീയമാണെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
ഒരോ വർഷവും പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയിൽ നടന്നുവരുന്ന പദ്ധതിയിലെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന കാര്യങ്ങൾ ഉൾപ്പടെ സെൻട്രൽ കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫയും ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും അറിയിച്ചു.
ചടങ്ങിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സാമൂഹ്യ കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി. സി മജീദ്, നജീബ് നല്ലാങ്കണ്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡന്റ് സുഹൈൽ അമ്പലക്കണ്ടി, സെക്രട്ടറിയേറ്റംഗങ്ങളായ റസാഖ് വളക്കൈ, റാഷിദ് ദയ, നൗഷാദ് ചാക്കീരി, വിവിധ ഘടകങ്ങളിലെ കെഎംസിസി നേതാക്കളായ സൈദ് മീഞ്ചന്ത, റഷീദ് മണ്ണാർക്കാട്, റാഫി പയ്യാനക്കൽ, ഹമീദ് ക്ലാരി, എം. എൻ അബൂബക്കർ, മെമി മാങ്കടവ്, ജാഫർ സ്വാദിഖ് തളിപ്പറമ്പ്, ഇബ്റാഹിം കായലം, ഗഫൂർ ചാലിയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
