തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു മുന്നിൽ കാറിൽ ഇരുന്നു പരസ്യമായി മദ്യപിച്ച സംഭവത്തിൽ ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പൊലീസുകാരെ നല്ലനടപ്പ്് പരിശീലനത്തിനും അയയ്ക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥർ സ്‌റ്റേഷനു മുന്നിൽ കാറിനകത്തിരുന്ന് മദ്യപിച്ചത്.
പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയ പൊലീസുകാർ സിവിൽ ഡ്രസിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തി ഉന്നത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് വിഷയം അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
