കളങ്കാവൽ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന്റെ ലഹരി പ്രേക്ഷകരിൽ നിന്ന് വിട്ടുമാറും മുമ്പാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക് പദ്മഭൂഷൺ എന്ന വാർത്തയെത്തുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മമ്മൂട്ടിയെ തേടിയെത്തുന്നത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങൾക്കിപ്പുറമാണ്.
ദേശീയ പുരസ്‌കാരവേളയിൽ തഴയപ്പെട്ട ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായി നടത്തിയ ഞെട്ടിക്കുന്ന പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. പദ്മഭൂഷൺ കൂടിയെത്തിയതോടെ സ്വയം വെട്ടിയ നേട്ടങ്ങളുടെ വഴിയിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മമ്മൂട്ടി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കുന്ന അതേ സായാഹ്നത്തിലാണ് പദ്മഭൂഷൺ പ്രഖ്യാപിച്ചതെന്ന കൗതുകവുമുണ്ട്. മോഹൻലാലിനൊപ്പം വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന പാട്രിയറ്റ് എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്ന സമയത്ത് തന്നെയാണ് പദ്മഭൂഷൺ പ്രഖ്യാപിച്ചതെന്നത് മറ്റൊരു കൗതുകം. മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ മോഹൻലാലും മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ മമ്മൂട്ടിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
