പൊന്നാനി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത പരിഗണിച്ച് കേന്ദ്രം. വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന ജോലികൾ ഫെബ്രുവരി രണ്ടിന് തുടങ്ങും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി.എം. ആർ.സി.) ഡി.പി.ആർ. തയ്യാറാക്കുന്നത്. ഇതിനായി പൊന്നാനിയിൽ പ്രത്യേക ഓഫീസും തുറന്നു.
തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചാകും അർധ അതിവേഗ റെയിൽപ്പാത. ഇതുവരെ തീവണ്ടിഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലേക്കും എത്തുന്നുവെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെയും പാത ബന്ധിപ്പിക്കും. 22 സ്‌റ്റേഷനുകളാണുണ്ടാവുക. ഒൻപതുമാസത്തിനകം ഡി.പി.ആർ. തയ്യാറാക്കും. 70 ശതമാനത്തോളം സ്ഥലത്തും തൂണിന് മുകളിലൂടെയായിരിക്കും പാത.
