ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ്, നീക്കം അറബിക്കടൽ വഴി ?

0
93

വാഷിങ്ടൻ: ജനകീയ പ്രതിഷേധം അടിച്ചമർത്തുന്ന നടപടിയിലേക്കു കടന്ന ഇറാനെതിരെ സൈനിക നടപടിയിലേക്ക് യുഎസ്. ഇറാനെതിരെ ഡോണൾഡ് ട്രംപ് ഉടൻ സൈനിക നടപടി ആരംഭിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അറബികടൽ വഴിയോ പേർഷ്യൻ ഗൾഫ് മേഖല വഴിയോ ആയിരിക്കും യുഎസിന്റെ തിരിച്ചടിയെന്നാണ് റിപ്പോർട്ട്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ മേഖലയിൽ യുഎസ് സജ്ജമാക്കിയതായും യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഇതിനായി മേഖലയിലേക്ക് എത്തിയിട്ടുണ്ടെന്നുമാണ് സൂചന. ദക്ഷിണ ചൈനാ കടല്‍ വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കടന്ന വിമാനവാഹിനിക്കപ്പൽ വൈകാതെ അറബിക്കടലിൽ നങ്കൂരമിട്ടേക്കും.

യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം പശ്ചിമേഷ്യയിലുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് മേഖലയിലെ സൈനിക വിമാനത്താവളത്തിൽ ഈ വിമാനം ഇറങ്ങുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പശ്ചിമേഷ്യയിലുടനീളം, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ പോലുള്ള രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇറാനിൽ ആരംഭിച്ച ജനകീയ പ്രതിഷേധത്തിൽ ഇതുവരെ 3,117 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതിൽ 2,427 പേർ സാധാരണക്കാരും ബാക്കിയുള്ളവർ സുരക്ഷാ സേനാംഗങ്ങളുമാണ്. എന്നാൽ മരണസംഖ്യ 20,000 പിന്നിട്ടിരിക്കാമെന്നാണ് വിവിധ രാജ്യാന്തര സംഘടനകൾ പറയുന്നത്. ഡിസംബർ 28 ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ പണപ്പെരുപ്പത്തിനെതിരെ ആരംഭിച്ച വ്യാപാരികളുടെ സമരമാണ് പിന്നീട് രാജ്യവ്യാപക സർക്കാർ വിരുദ്ധപ്രക്ഷോഭത്തിലക്ക് വഴിമാറിയത്.