അബുദാബി: രൂപ മൂല്യത്തകർച്ചയിൽ റെക്കോർഡിടുമ്പോൾ നേട്ടം സ്വന്തമാക്കുന്നതു പ്രവാസികൾ. നാട്ടിലേക്കു പണമയയ്ക്കുമ്പോൾ ലഭിക്കുന്ന അധിക തുകയിലാണു പ്രവാസികളുടെ കണ്ണ്. ഒരു യുഎഇ ദിർഹത്തിന് 24.95 രൂപയാണ് ഇന്നലത്തെ രാജ്യാന്തര വിനിമയ നിരക്ക്.
എക്സ്ചേഞ്ചുകൾ നൽകിയത് 24.89 രൂപ. ഇതനുസരിച്ചു 40.2 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. മെച്ചപ്പെട്ട വിനിമയ നിരക്കു കാത്തിരുന്നവർ അവസരം മുതലാക്കി നാട്ടിലേക്കു പണം അയച്ചു.
ദിർഹം-രൂപ വിനിമയ നിരക്കിൽ ഒരു മാസത്തിനിടയ്ക്ക് 56 പൈസയുടെയും ഒരു വർഷത്തിനിടയ്ക്ക് 1.41 രൂപയുടെയും 5 വർഷത്തിനിടെ 5.08 രൂപയുടെയും നേട്ടമാണു പ്രവാസികൾക്കു ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ജീവിത ചെലവ് ഉയരുന്നതിനിടെ വർഷങ്ങളായി ശമ്പള വർധനയില്ലാതെ കഴിയുന്നവർക്കു വിനിമയ നിരക്കിലെ അന്തരം ആശ്വാസമാകുന്നു.
ഗൾഫ് രാജ്യങ്ങളിൽ ശമ്പളം കിട്ടാൻ ഒരാഴ്ച കൂടി അവശേഷിക്കുന്നതിനാൽ ഇതേ നിരക്കു തുടരുകയോ കൂടുതൽ മെച്ചപ്പെട്ട നിരക്കു ലഭിക്കുകയോ ചെയ്താൽ മാത്രമേ പ്രവാസികളിൽ ഭൂരിഭാഗം പേർക്കും ആനുകൂല്യം സ്വന്തമാക്കാനാകൂ. 28നു യുഎസ് ഫെഡ് മീറ്റിങ് നടക്കാനിരിക്കെ രൂപയുടെ മൂല്യം കൂടുതൽ തകരാനാണു സാധ്യതയെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം കാത്തിരിക്കുന്നവർ ഏറെയാണ്.
