പാസ്‌പോർട്ട് റാങ്കിങ്ങിൽ മുന്നേറ്റം നടത്തി ഇന്ത്യ

0
180

പൗരത്വം തെളിയിക്കുന്ന രേഖയാണ് പാസ്‌പോര്‍ട്ടെങ്കില്‍ വിദേശ രാജ്യത്ത് പ്രവേശിക്കാനും താമസിക്കാനും ആ രാജ്യം നല്‍കുന്ന അനുമതിയാണ് വീസ. എത്ര രാജ്യങ്ങളിലേക്ക് സൗജന്യ പ്രവേശന അനുമതിയുണ്ടെന്നത് പാസ്‌പോര്‍ട്ടിന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. 2026ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതു പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളെയും ആ പാസ്‌പോര്‍ട്ടില്‍ എത്ര നാടുകളിലേക്ക് പ്രത്യേകം വീസയില്ലാതെ പ്രവേശിക്കാനാവുമെന്നും അറിയാം. 

1. സിംഗപ്പൂര്‍

ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് നിലവില്‍ സിംഗപ്പൂരിന്റേതാണ്. 192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്രചെയ്യാന്‍ അനുമതി ലഭിക്കും സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍. വിദേശ രാജ്യങ്ങളുമായുള്ള സിംഗപ്പൂരിന്റെ മികച്ച ബന്ധങ്ങളും കരാറുകളും രാജ്യാന്തര വ്യാപാര- നയതന്ത്ര മേഖലകളിലെ സ്വാധീനവും കൂടിയാണ് ഇതുവഴി തെളിയുന്നത്. 

2. ജപ്പാന്‍, ദക്ഷിണകൊറിയ

പാസ്‌പോര്‍ട്ട് കരുത്തില്‍ ജപ്പാനും ദക്ഷിണകൊറിയയുമാണ് രണ്ടാംസ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 188 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പോവാനാവും. യൂറോപിലേയും ലാറ്റിനമേരിക്കയിലേയും ഏഷ്യയിലേയുമെല്ലാം ഏതാണ്ടെല്ലാ രാജ്യങ്ങളിലേക്കും ജപ്പാന്‍, ദക്ഷിണകൊറിയ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സഞ്ചരിക്കാനാവും. 

3. ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

പാസ്‌പോര്‍ട്ട് കരുത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 186 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ പ്രത്യേകം വീസയുടെ ആവശ്യമില്ല. 

4. ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്, നോര്‍വേ

പാസ്‌പോര്‍ട്ട് കരുത്തില്‍ നാലാം സ്ഥാനത്തുള്ളത് ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ്. 185 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പോവാന്‍ ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സാധിക്കും. ഷെങ്കന്‍ രാജ്യങ്ങള്‍ക്കുള്ള കരുത്തു കൂടിയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ മികവ് കാണിക്കുന്നത്. 

5. ഹംഗറി, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്ലൊവേനിയ, യുഎഇ

ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ലോകത്തെ 184 രാജ്യങ്ങളിലേക്ക് പ്രത്യേകം വീസയില്ലാതെ സഞ്ചരിക്കാനാവും. യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കാന്‍ ഏഷ്യയില്‍ നിന്നും യുഎഇയുമുണ്ട്. ആദ്യ സ്ഥാനത്തുള്ള സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കു ശേഷം പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ കരുത്തു തെളിയിക്കുന്ന ഏഷ്യന്‍ രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. പാസ്‌പോര്‍ട്ട് കരുത്തില്‍ അമേരിക്കയേയും ബ്രിട്ടനേയും മറികടക്കുന്ന പ്രകടനമാണ് ഈ രാജ്യങ്ങളുടേത്. 

6. ക്രൊയേഷ്യ, ചെചിയ, എസ്‌തോണിയ, മാള്‍ട്ട, ന്യുസീലന്‍ഡ്, പോളണ്ട്

പാസ്‌പോര്‍ട്ട് കരുത്തില്‍ ആറാമതാണ് ഈ രാജ്യങ്ങള്‍. ഇവിടുത്തെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 183 രാജ്യങ്ങളിലേക്കു വരെ പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനാവും. 

7. ഓസ്‌ട്രേലിയ, ലാത്വിയ, ലൈഷെന്‍സ്‌റ്റെയിന്‍, യുകെ 

ഏഴാമതുള്ള ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 182 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ബ്രക്‌സിറ്റിനു ശേഷവും ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് എത്രത്തോളം കരുത്തുറ്റതാണെന്ന് തെളിയിക്കുന്നുണ്ട് ഇപ്പോള്‍ പുറത്തുവന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയും. 

8. കാനഡ, ഐസ്‌ലന്‍ഡ്, ലിത്വാനിയ

181 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ കാനഡ ഐസ്‌ലന്‍ഡ്, ലിത്വാനിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സാധിക്കും. 

9. മലേഷ്യ

ഏഷ്യന്‍ രാജ്യമായ മലേഷ്യയാണ് പാസ്‌പോര്‍ട്ട് കരുത്തില്‍ ഒമ്പതാമത്. മലേഷ്യന്‍ പാസ്‌പോര്‍ട്ടുള്ളഴര്‍ക്ക് 180 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിന്റെ മികവ് പാസ്‌പോര്‍ട്ട് കരുത്തിലും തെളിയുന്നുണ്ട്. 

10. അമേരിക്ക

ഇടക്കാലത്ത് ഇടിഞ്ഞുപോയ അമേരിക്കന്‍ പാസ്‌പോര്‍ട്ട് തിരിച്ചുവരവിന്റെ പാതയിലാണ്. നിലവില്‍ 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ യുഎസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സാധിക്കും. 

ഇന്ത്യയുടെ സ്ഥാനം

പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നിലുള്ള രാജ്യങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. നമ്മുടെ ഇന്ത്യയുടെ സ്ഥാനം കൂടി പരിശോധിക്കാം. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ 80ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. അത്രയേറെ അഭിമാനിക്കാവുന്ന സ്ഥാനമല്ലെങ്കിലും 2025നെ അപേക്ഷിച്ച് മുന്നിലേക്കു വന്നുവെന്ന് സമാധാനിക്കാം. 2025ല്‍ 85ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ലോകത്തുള്ള 55 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സഞ്ചരിക്കാനാവും.